മീന്‍പിടുത്തം അനുവദനീയമല്ല
ഹിറ്റ്‌ലറിന്റെ വംശഹത്യയെ അതിജീവിച്ച കോറി ടെന്‍ ബൂമിന് ക്ഷമയുടെ പ്രാധാന്യം അറിയാമായിരുന്നു. തന്റെ പുസ്തകത്തില്‍, അവള്‍ക്കു പ്രിയപ്പെട്ട മാനസിക ചിത്രം ക്ഷമിക്കപ്പെട്ട പാപങ്ങളെ സമുദ്രത്തില്‍ എറിഞ്ഞുകളയുന്നതിനെക്കുറിച്ചുള്ളതാണെന്ന് അവര്‍ പറയുന്നു. ''നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം അവയെ ആഴമേറിയ സമുദ്രത്തിലേക്ക് എറിയുന്നു, എന്നെന്നേക്കുമായി. . . . മത്സ്യബന്ധനം അനുവദനീയമല്ലെന്ന് പറയുന്ന ഒരു അടയാളം ദൈവം അവിടെ സ്ഥാപിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'
യേശുവിലുള്ള വിശ്വാസികള്‍ ചിലപ്പോള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു സുപ്രധാന സത്യത്തിലേക്ക് അവള്‍ വിരല്‍ ചൂണ്ടുന്നു- ദൈവം നമ്മുടെ തെറ്റ് ക്ഷമിക്കുമ്പോള്‍, നാം പൂര്‍ണ്ണമായി…
ദുഃഖവേളകളില്‍ ദൈവത്തിലാശ്രയിക്കുക
''പപ്പാ ജോണ്‍'' എന്നറിയപ്പെട്ടിരുന്ന ഒരാള്‍ തനിക്ക് ഗുരുതരമായ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹവും ഭാര്യ കരോളും അവരുടെ രോഗത്തിന്റെ നാള്‍വഴി ഓണ്‍ലൈനില്‍ പങ്കിടാന്‍ ദൈവം അവരോടു പറയുന്നതായി മനസ്സിലാക്കി. അവരുടെ സുതാര്യതയിലൂടെ ദൈവം അനേകരെ ശുശ്രൂഷിക്കും എന്നു വിശ്വസിച്ചുകൊണ്ട് അവര്‍ തങ്ങളുടെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും നിമിഷങ്ങള്‍ രണ്ടു വര്‍ഷത്തോളം പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു.
തന്റെ ഭര്‍ത്താവ് ''യേശുവിന്റെ വിരിക്കപ്പെട്ട കൈകളിലേക്ക് കടന്നുപോയി'' എന്ന് കരോള്‍ എഴുതിയപ്പോള്‍, നൂറുകണക്കിന് ആളുകള്‍ അവരുടെ തുറന്നുപറച്ചിലിന് കരോളിനോട് നന്ദി പറഞ്ഞുകൊണ്ടു പ്രതികരിച്ചു. മരിക്കുന്നതിനെക്കുറിച്ച് ക്രിസ്തീയ വീക്ഷണകോണില്‍ നിന്ന് കേള്‍ക്കുന്നത് ആരോഗ്യകരമാണെന്ന് ഒരു വ്യക്തി അഭിപ്രായപ്പെട്ടു, കാരണം ''നാമെല്ലാവരും ഒരു ദിവസം മരിക്കണം.' മറ്റൊരാള്‍ പറഞ്ഞത്, താന്‍ ഒരിക്കലും ദമ്പതികളെ വ്യക്തിപരമായി കണ്ടിട്ടില്ലെങ്കിലും, അവരുടെ സാക്ഷ്യത്തിലൂടെ ദൈവത്തെ വിശ്വസിക്കുന്നതിന് അവള്‍ക്ക് എത്രമാത്രം പ്രോത്സാഹനം ലഭിച്ചു എന്നാണ്.
പപ്പാ ജോണിന് ചിലപ്പോള്‍ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും, ദൈവം അവരെ എങ്ങനെ പിന്തുണച്ചു എന്ന് തെളിയിക്കുന്നതിനായി അദ്ദേഹവും കരോളും അവരുടെ കഥ പങ്കുവെച്ചു. തങ്ങളുടെ സാക്ഷ്യം ദൈവത്തിനുവേണ്ടി ഫലം കായിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ 'ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി, ആ ദിവസംവരെ സൂക്ഷിക്കുവാന്‍ ശക്തന്‍ എന്ന് ഉറച്ചുമിരിക്കുന്നു' (2 തിമൊഥെയൊസ് 1:12) എന്നു പൗലൊസ് തിമൊഥെയൊസിന് എഴുതിയതിനെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു അവരുടെ സാക്ഷ്യം.
ക്രിസ്തുയേശുവില്‍ നമുക്കു ലഭ്യമായ കൃപയിലൂടെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ (മറ്റുള്ളവരുടെ വിശ്വാസത്തെയും) ശക്തിപ്പെടുത്തുന്നതിന് പ്രിയപ്പെട്ട ഒരാളുടെ മരണത്തെപ്പോലും ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയും (വാ. 9). നിങ്ങള്‍ വേദനയും പ്രയാസവും അനുഭവിക്കുകയാണെങ്കില്‍, അവന് ആശ്വാസവും സമാധാനവും നല്‍കാന്‍ കഴിയുമെന്ന് അറിയുക.
അവന്‍ എന്നെ രൂപാന്തരപ്പെടുത്തി
ലണ്ടനിലെ ഏറ്റവും വലിയ വേശ്യാലയം നടത്തിയിരുന്ന ജോണ്‍, ജയിലിലേക്കു പോയപ്പോള്‍ 'ഞാന്‍ ഒരു നല്ല വ്യക്തിയാണ്' എന്നു തെറ്റായി വിശ്വസിച്ചിരുന്നു. കേക്കും കാപ്പിയും ഉള്ളതിനാല്‍ ജയിലിലെ ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു, എങ്കിലും മറ്റ് തടവുകാര്‍ക്ക് അത് എത്ര സന്തോഷകരമാണെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ആദ്യ ഗാനം തുടങ്ങിയപ്പോള്‍ തന്നെ കരയാന്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഒരു ബൈബിള്‍ സ്വീകരിച്ചു. യെഹെസ്‌കേല്‍ പ്രവാചനത്തില്‍നിന്നുള്ള വായന അവനെ രൂപാന്തരപ്പെടുത്തി, ''ഇടിത്തീ പോലെ'' അവനെ അടിച്ചു. യെഹെന്‌സകേല്‍ ഇങ്ങനെ എഴുതി: ''ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, ... അവന്‍ മരിക്കാതെ ജീവിച്ചിരിക്കും' (18: 27-28). ദൈവവചനം അവനില്‍ സജീവമായി വരികയും 'ഞാന്‍ ഒരു നല്ല ആളല്ല. . . ഞാന്‍ ദുഷ്ടനായിരുന്നു, ഞാന്‍ മാറേണ്ടതുണ്ടായിരുന്നു' എന്നവന്‍ മനസ്സിലാക്കുകയും ചെയ്തു. പാസ്റ്ററോടൊത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ''ഞാന്‍ യേശുക്രിസ്തുവിനെ കണ്ടെത്തി, അവന്‍ എന്നെ രൂപാന്തരപ്പെടുത്തി.''
യെഹെസ്‌കേലില്‍ നിന്നുള്ള ഈ വാക്കുകള്‍ പ്രവാസികളായിരിക്കുന്ന ദൈവജനത്തോടാണ് സംസാരിച്ചത്. അവര്‍ ദൈവത്തില്‍ നിന്നു മാറിപ്പോയി എങ്കിലും, അവര്‍ അവരുടെ കുറ്റങ്ങള്‍ വിട്ടുതിരിഞ്ഞാല്‍ അവര്‍ക്ക് 'പുതിയൊരു ഹൃദയവും പുതിയൊരു ആത്മാവും' ലഭിക്കും (വാ. 31). ആ വാക്കുകള്‍ ജോണിനെ പാപികളെ മാനസാന്തരത്തിലേക്ക് വിളിച്ച യേശുവിനെ അനുഗമിച്ചുകൊണ്ട്
(ലൂക്കൊസ് 5:32) ''മനംതിരിഞ്ഞു ജീവിക്കാന്‍'' സഹായിച്ചു (വാ. 32).
നാമും പാപമോചനവും സ്വതന്ത്ര്യവും ആസ്വദിക്കത്തക്കവണ്ണം പാപത്തെക്കുറിച്ചുള്ള ആത്മാവിന്റെ ബോധ്യപ്പെടുത്തലുകളോട് നമുക്കു പ്രതികരിക്കാം.
യാത്രയ്ക്കുള്ള കരുത്ത്
ഒരു വേനല്‍ക്കാലത്ത്, അസാധ്യമെന്നു തോന്നിയ ഒരു ജോലി ഞാന്‍ അഭിമുഖീകരിച്ചു - അസ്പഷ്ടമായ ഒരു സമയപരിധിക്കുള്ളില്‍ ഒരു വലിയ എഴുത്ത് പദ്ധതി. ദിവസം മുഴുവനും തനിയെ ചിലവഴിക്കുകയും വാക്കുകള്‍ പേജില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത എനിക്ക് ക്ഷീണവും നിരുത്സാഹവും തോന്നി, പദ്ധതി ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ബുദ്ധിമാനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, ''നിങ്ങള്‍ക്ക് അവസാനമായി ഉന്മേഷം തോന്നിയത് എപ്പോഴാണ്? ഒരുപക്ഷേ നിങ്ങള്‍ സ്വയം വിശ്രമിക്കാനും നല്ല ഭക്ഷണം ആസ്വദിക്കാനും നിങ്ങളെത്തന്നെ അനുവദിക്കേണ്ടതുണ്ട്.'
അവള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അവളുടെ ഉപദേശം എന്നെ ഏലിയാവിനെക്കുറിച്ചും ഈസേബെലില്‍ നിന്ന് ലഭിച്ച ഭയാനകമായ സന്ദേശത്തെക്കുറിച്ചും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു (1 രാജാക്കന്മാര്‍ 19:2). എന്നിരുന്നാലും എന്റെ എഴുത്ത് പദ്ധതി പ്രവാചകന്റെ അനുഭവത്തിന്റെ പ്രപഞ്ച സ്‌കെയിലിനടുത്തായിരുന്നില്ല. കര്‍മ്മേല്‍ പര്‍വതത്തില്‍ കള്ളപ്രവാചകന്മാരുടെമേല്‍ ഏലിയാവ് വിജയം വരിച്ചശേഷം, അവനെ പിടികൂടി കൊല്ലുമെന്ന് ഈസേബെല്‍ സന്ദേശം അയച്ചു. തല്‍ഫലമായി അവന്‍ മരിക്കാന്‍ കൊതിച്ചു. പക്ഷേ, നല്ല ഉറക്കം ആസ്വദിച്ച അവനെ ഒരു ദൂതന്‍ രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചു. ദൈവം അവന്റെ ശാരീരിക ശക്തി പുതുക്കിയതിനുശേഷം, യാത്ര തുടരാന്‍ അവനു കഴിഞ്ഞു.
നമുക്കു ''യാത്ര അതികഠിനം'' ആയിരിക്കുമ്പോള്‍ (വാ. 7), വിശ്രമവും ആരോഗ്യകരവും സംതൃപ്തിദായകവുമായ ഭക്ഷണവും നാം ആസ്വദിക്കേണ്ടതുണ്ട്. നാം ക്ഷീണിതരോ വിശപ്പുള്ളവരോ ആയിരിക്കുമ്പോള്‍ നിരാശയിലേക്കോ ഭയത്തിലേക്കോ എളുപ്പത്തില്‍ കീഴടങ്ങാം. എന്നാല്‍ ഈ വീണുപോയ ലോകത്തില്‍ കഴിയുന്നത്രയും ദൈവം തന്റെ വിഭവങ്ങളിലൂടെ നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍, അവനെ സേവിക്കുന്നതിനുള്ള അടുത്ത നടപടി നമുക്ക് എടുക്കാം.
ഉറച്ചു നില്‍ക്കുക
അഡ്രിയാനും കുടുംബവും യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അവര്‍ താമസിക്കുന്ന രാജ്യത്ത്, പീഡനം അനുഭവിക്കുന്നു. എന്നിരുന്നാലും, അതിന്റെ മധ്യത്തിലും അവര്‍ ക്രിസ്തുവിന്റെ സ്‌നേഹം പ്രകടമാക്കുന്നു. തന്റെ പള്ളി മുറ്റം തീവ്രവാദികള്‍ പരിശീലന മൈതാനമായി ഉപയോഗിക്കുമ്പോള്‍ ചിതറിവീഴുന്ന വെടിയുണ്ടകളുടെ നടുവില്‍ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, ''ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. യേശു നമുക്കുവേണ്ടി ക്രൂശില്‍ കഷ്ടം സഹിച്ചത് നാം സ്മരിക്കുന്നു. കഷ്ടത എന്നത് അവിടെയുള്ള വിശ്വാസികള്‍ മനസ്സിലാക്കുന്ന ഒന്നാണ്. എങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവിടെത്തന്നെ തുടരുന്നതു തിരഞ്ഞെടുത്തു: ''ഞങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്, ഇപ്പോഴും നില്‍ക്കുന്നു.''
യേശു ക്രൂശില്‍ മരിച്ചപ്പോള്‍ നോക്കിക്കൊണ്ടു നിന്ന സ്ത്രീകളുടെ മാതൃകയാണ് ഈ വിശ്വാസികള്‍ പിന്തുടരുന്നത് (മര്‍ക്കൊസ് 15:40). അവര്‍ - മഗ്ദലനക്കാരത്തി മറിയ, യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയ, ശലോമി എന്നിവരുള്‍പ്പെടെ - അവിടെ നില്‍ക്കാന്‍ ധൈര്യപ്പെട്ടു, കാരണം ഒരു രാജ്യത്തിന്റെ ശത്രുവിന്റെസുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിഹസിക്കപ്പെടുകയും ശിക്ഷിക്കുകയും ചെയ്യാം. എന്നിട്ടും സ്ത്രീകള്‍ യേശുവിന്റെ സമീപേ നിന്നുകൊണ്ട് അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഗലീലിയില്‍ ''അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്ന'' അവര്‍ (വാ. 41), അവന്റെ ഏറ്റവും ആഴമേറിയ ആവശ്യസമയത്ത് അവനോടൊപ്പം നിന്നു.
നമ്മുടെ രക്ഷകന്റെ ഏറ്റവും വലിയ ദാനമായ ക്രൂശിലെ മരണത്തെക്കുറിച്ച് ഓര്‍ക്കുന്ന ഈ ദിവസം, പല തരത്തിലുള്ള പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് എങ്ങനെ യേശുവിനുവേണ്ടി നിലകൊള്ളാമെന്ന് ആലോചിക്കുക (യാക്കോബ് 1:2-4 കാണുക). തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള സഹവിശ്വാസികളെക്കുറിച്ചും ചിന്തിക്കുക. അഡ്രിയാന്‍ ചോദിച്ചതുപോലെ, ''നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുമോ?''
ബില്ല് അടച്ചു
നൈജീരിയന്‍ ബിസിനസുകാരനായ പീറ്റര്‍ ലാഗോസിലെ ഒരു ആശുപത്രി കിടക്കയിലേക്കു കുനിഞ്ഞു ചോദിച്ചു ''നിങ്ങള്‍ക്ക് എന്ത് സംഭവിച്ചു?'' ''ആരോ എന്നെ വെടിവച്ചു,'' യുവാവ് മറുപടി പറഞ്ഞു. അയാളുടെ തുട ബാന്‍ഡേജിട്ടിരുന്നു. പരിക്കേറ്റയാള്‍ക്കു നാട്ടിലേക്ക് മടങ്ങാമായിരുന്നുവെങ്കിലും ബില്‍ അടയ്്ക്കുന്നതുവരെ അയാളെ വിട്ടയക്കില്ലായിരുന്നു - ഈ മേഖലയിലെ പല സര്‍ക്കാര്‍ ആശുപത്രികളും ഈ നയമാണ് പിന്തുടര്‍ന്നിരുന്നത്. ഒരു സാമൂഹ്യ പ്രവര്‍ത്തകനുമായി കൂടിയാലോചിച്ച ശേഷം, തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി താന്‍ നേരത്തെ സ്ഥാപിച്ച ചാരിറ്റബിള്‍ ഫണ്ടിലൂടെ പീറ്റര്‍ ആ ബില്‍ അടച്ചു. അതിനു പകരമായി, ഔദാര്യം സ്വീകരിക്കുന്നവര്‍ ഒരു ദിവസം മറ്റുള്ളവര്‍ക്കും അതു നല്‍കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ബൈബിളിലുടനീളം ദൈവം നല്‍കുന്ന സമൃദ്ധിയെക്കുറിച്ചു കാണാം. ഉദാഹരണത്തിന്, വാഗ്ദത്ത ദേശത്ത് എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് മോശെ യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചപ്പോള്‍, ആദ്യം ദൈവത്തിനു തിരികെ നല്‍കണമെന്നും (ആവര്‍ത്തനം 26:1-3 കാണുക) ആവശ്യത്തിലിരിക്കുന്നവരെ കരുതണമെന്നും - പരദേശികള്‍, അനാഥര്‍, വിധവമാര്‍ (വാ. 12) - അവന്‍ അവരോടു പറഞ്ഞു. അവര്‍ ''പാലും തേനും ഒഴുകുന്ന ദേശത്ത്'' വസിച്ചിരുന്നതിനാല്‍ (വാ. 15), അവര്‍ ദരിദ്രരോട് ദൈവസ്‌നേഹം പ്രകടിപ്പിക്കേണ്ടതായിരുന്നു.
വലുതോ ചെറുതോ ആയ നമ്മുടെ ഭൗതിക വസ്തുക്കള്‍ പങ്കിടുന്നതിലൂടെ നമുക്കും ദൈവസ്നേഹം പ്രചരിപ്പിക്കാന്‍ കഴിയും. പീറ്ററിനെപ്പോലെ വ്യക്തിപരമായി നല്‍കാന്‍ നമുക്കു ചിലപ്പോള്‍ അവസരം ലഭിച്ചെന്നു വരില്ല, പക്ഷേ എങ്ങനെ നല്‍കണം അല്ലെങ്കില്‍ ആര്‍ക്കാണ് നമ്മുടെ സഹായം ആവശ്യമെന്ന് കാണിക്കാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാന്‍ കഴിയും.
പുരാതന വാഗ്ദത്തങ്ങള്‍
1979 ല്‍, ഡോ. ഗബ്രിയേല്‍ ബാര്‍കേയും സംഘവും പഴയ യെരുസലേമിന് പുറത്തുള്ള ഒരു ശ്മശാനത്തില്‍നിന്ന് രണ്ട് വെള്ളി ചുരുളുകള്‍ കണ്ടെത്തി. 2004 ല്‍, ഇരുപത്തിയഞ്ച് വര്‍ഷത്തെ സൂക്ഷ്മ ഗവേഷണത്തിനുശേഷം, ബിസി 600 ല്‍ കുഴിച്ചിട്ട ആ ചുരുളുകള്‍ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ബൈബിള്‍ പാഠമാണെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. ചുരുളുകളില്‍ അടങ്ങിയിരിക്കുന്നവയാണ് ഞാന്‍ പ്രത്യേകമായി കാണുന്നത് - ദൈവം തന്റെ ജനത്തിന്മേല്‍ പകരാന്‍ ആഗ്രഹിച്ച പുരോഹിത അനുഗ്രഹമായിരുന്നു അത്: ''യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേല്‍ പ്രകാശിപ്പിച്ച് നിന്നോടു കൃപയുള്ളവനാകട്ടെ'' (സംഖ്യാപുസ്തകം 6:24-25).
ഈ അനുഗ്രഹം നല്‍കുന്നതിലൂടെ, തനിക്കുവേണ്ടി ജനങ്ങളെ എങ്ങനെ അനുഗ്രഹിക്കണമെന്ന് അഹരോനെയും മക്കളെയും (മോശയിലൂടെ) ദൈവം കാണിച്ചു. ദൈവം നല്‍കിയ രൂപത്തിലുള്ള വാക്കുകള്‍ നേതാക്കള്‍ മനഃപാഠമാക്കേണ്ടിയിരുന്നു, അങ്ങനെ ദൈവം ആഗ്രഹിച്ചതുപോലെ അവര്‍ ജനത്തെ അനുഗ്രഹിക്കണം. 'യഹോവ' എന്ന് മൂന്നു പ്രാവശ്യം അവര്‍ പറയുമ്പോള്‍ അനുഗ്രഹിക്കുന്നവന്‍ യഹോവയാണ് എന്ന് മൂന്നു പ്രാവശ്യം അവര്‍ അനുഗ്രഹിക്കുന്നവനാണ് ദൈവം എന്നും 'നിന്നെ' ആറു പ്രാവശ്യം പറയുമ്പോള്‍ തന്റെ ജനത്തിന് തന്റെ സ്‌നേഹവും പ്രസാദവും ലഭിക്കണമെന്ന് ദൈവം എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും പ്രതിഫലിപ്പിക്കുന്നു.
അനുഗ്രഹിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ബൈബിളിലെ നിലവിലുള്ള ഏറ്റവും പഴയ വേദശകലങ്ങള്‍ പറയുന്ന ഒരു നിമിഷം ചിന്തിക്കുക. ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചും അവന്‍ നാമുമായി ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും എന്തൊരു ഓര്‍മ്മപ്പെടുത്തലാണത്! ഇന്ന് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്ന് തോന്നുകയാണെങ്കില്‍, ഈ പുരാതന വാക്കുകളിലെ വാഗ്ദാനത്തെ മുറുകെ പിടിക്കുക. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ; കര്‍ത്താവ് നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ.
കൃപ പ്രദര്‍ശിപ്പിക്കുക
'ദുരന്തങ്ങള്‍ സംഭവിക്കുകയോ അല്ലെങ്കില്‍ മുറിവേല്‍ക്കുകയോ ചെയ്യുമ്പോള്‍, അവയാണ് കൃപ പ്രദര്‍ശിപ്പിക്കുവാനോ അല്ലെങ്കില്‍ പ്രതികാരം നടത്തുന്നതിനോ ഉള്ള അവസരങ്ങള്‍'' അടുത്തയിടെ വേര്‍പാടിന്റെ വേദനയനുഭവിച്ച മനുഷ്യന്‍ പറഞ്ഞു. ''ഞാന്‍ കൃപ പ്രദര്‍ശിപ്പിക്കുന്നതു തിരഞ്ഞെടുത്തു.'' പാസ്റ്റര്‍ എറിക് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ഭാര്യ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു; ക്ഷിണിച്ച ഒരു ഫയര്‍ ഫൈറ്റര്‍ വീട്ടിലേക്കുള്ള യാത്രയില്‍ കാറിലിരുന്ന് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമോയെന്നു നിയമ പ്രോസിക്യൂട്ടര്‍മാര്‍ പാസ്റ്റര്‍ എറിക്കിനോട് ചോദിച്ചു. താന്‍ കൂടെക്കൂടെ പ്രസംഗിക്കുന്ന ക്ഷമ പ്രാവര്‍ത്തികമാക്കാന്‍ അ്േദ്ദഹം തീരുമാനിച്ചു. അദ്ദേഹത്തെയും ഫയര്‍ ഫൈറ്ററെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും പിന്നീട് സ്‌നേഹിതരായിത്തീര്‍ന്നു.
പാസ്റ്റര്‍ എറിക്ക്, തന്റെ മുഴുവന്‍ പാപങ്ങളും ക്ഷമിച്ചുകൊണ്ട് ദൈവം തനിക്കു നല്‍കിയ കൃപ ജീവിച്ചു കാണിക്കുകയായിരുന്നു. തന്റെ പ്രവൃത്തികളിലൂടെ, നാം തെറ്റു ചെയ്യുമ്പോള്‍ പാപം മോചിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തെ സ്തുതിക്കുന്ന പ്രവാചകനായ മീഖായുടെ വാക്കുകള്‍ അദ്ദേഹം പ്രതിധ്വനിപ്പിച്ചു (മീഖാ 7:18). തന്റെ ജനത്തിന്റെ പാപം ക്ഷമിക്കുവാന്‍ ദൈവം എത്രമാത്രം പോകുമെന്നു വെളിപ്പെടുത്തുന്നതിനായി അതിശയകരമാം ദൃശ്യവല്‍ക്കരിച്ച വാക്കുകളാണ് പ്രവാചകനായ മീഖാ ഉപയോഗിച്ചത്: അവന്‍ 'നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും'' അവയെ 'സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും'' (വാ. 19). ഫയര്‍ ഫൈറ്റര്‍ അന്നേദിനം ക്ഷമയുടെ ദാനം സ്വീകരിച്ചു, അതയാളെ ദൈവത്തിങ്കലേക്കടുപ്പിച്ചു.
എന്തു പ്രയാസം നാം നേരിട്ടാലും ദൈവം തന്റെ വിരിച്ച സ്‌നേഹമസൃണ കരങ്ങളുമായി തന്റെ സുരക്ഷിത ആലിംഗനത്തിലേക്കു നമ്മെ സ്വീകരിക്കുമെന്ന് നമുക്കറിയാം. ''കരുണ കാണിക്കുന്നതില്‍ അവന്‍ സന്തോഷിക്കുന്നു'' (വാ. 18). നാം അവന്റെ സ്‌നേഹവും കൃപയും ഏറ്റുവാങ്ങുമ്പോള്‍, - പാസ്റ്റര്‍ എറിക്ക് ചെയ്തതുപോലെ - നമ്മെ മുറിവേല്പിച്ചവരോടു ക്ഷമിക്കുവാനുള്ള ശക്തിയും അവന്‍ നമുക്കു നല്‍കുന്നു.
ഒരു ക്രിസ്തുമസ് സന്ദര്‍ശകന്‍
1944 ലെ ക്രിസ്തുമസ് തലേന്ന് 'ഓള്‍ഡ് ബ്രിങ്കര്‍'' എന്നറിയപ്പെട്ടിരുന്ന ഒരു മനുഷ്യന്‍ ഒരു ജയില്‍ ആശുപത്രിയില്‍ മരണാസന്നനായി ക്ിടക്കുകയായിരുന്നു. സഹതടവുകാര്‍ സംഘടിപ്പിച്ച ഒരു താല്‍ക്കാലിക ക്രിസ്തുമസ് ആരാധന ആരംഭിക്കുന്നതു പ്രതീക്ഷിച്ചാണ് അയാള്‍ കിടന്നിരുന്നത്. ' എപ്പോഴാണ് പാട്ട് ആരംഭിക്കുക' സുമാത്രയിലെ മുണ്‍ടോക്ക് ജയിലില്‍ തന്നോടൊപ്പം തടവുകാരനായിരുന്ന വില്യം മക്ക്ഡോഗലിനോട് അയാള്‍ ചോദിച്ചു. 'ഉടനെ'' മക്ക്ഡോഗല്‍ പറഞ്ഞു. 'നല്ലത്'' മരണാസന്നനായ ആ മനുഷ്യന്‍ പറഞ്ഞു. 'എന്നിട്ട് എനിക്കതിനെ ദൂതന്മാരുടേതുമായി താരതമ്യപ്പെടുത്താന്‍ കഴിയും.''
ദശാബ്ദങ്ങള്‍ക്കു മുമ്പ് ബ്രിങ്കര്‍ തന്റെ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപോയിരുന്നു എങ്കിലും തന്റെ അന്ത്യദിനങ്ങളില്‍ പാപങ്ങളെ ഏറ്റുപറയുകയും ദൈവത്തോടു സമാധാനത്തിലാകുകയും ചെയ്തിരുന്നു. കൈപ്പുള്ള നോട്ടത്തോടെ മറ്റുള്ളവരെ സ്വീകരിക്കുന്നതിനു പകരം അയാള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുമായിരുന്നു. 'അതൊരു തികഞ്ഞ രൂപാന്തരമായിരുന്നു'' മക്ക്ഡോഗല്‍ പറഞ്ഞു.
ബ്രിങ്കറിന്റെ ആവശ്യപ്രകാരം മോചിതരായ പതിനൊന്നു തടവുകാര്‍ സൈലന്റ് നൈറ്റ് പാടിക്കഴിഞ്ഞപ്പോള്‍ ബ്രിങ്കര്‍ സമാധാനത്തോടെ മരിച്ചു. ബ്രിങ്കര്‍ ഒരു പ്രാവശ്യം യേശുവിനെ അനുഗമിച്ചുവെന്നും ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തിയെന്നും അറിഞ്ഞ മക്ക്ഡോഗല്‍ ഇപ്രകാരം നിരീക്ഷിച്ചു, 'ഒരുപക്ഷേ ബ്രിങ്കറെ സംബന്ധിച്ച് മരണം ക്ഷണിക്കപ്പെട്ട ഒരുക്രിസ്തുമസ് അതിഥിയായിരുന്നു.'
ബ്രിങ്കര്‍ എങ്ങനെയാണ് മരണത്തെ പ്രതീക്ഷിച്ചത് എന്നത് ശിമ്യോനെക്കുറിച്ചാണ് എന്നെ ഓര്‍മ്മിപ്പിച്ചത്. 'കര്‍ത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരണം കാണുകയില്ല എന്നു പരിശുദ്ധാത്മാവിനാല്‍' അരുളപ്പാട് ലഭിച്ച ഒരു വിശുദ്ധനായിരുന്നു ശിമ്യോന്‍ (ലൂക്കൊസ് 2:26). ശിമ്യോന്‍ യേശുവിനെ ദൈവാലയത്തില്‍വെച്ചു കണ്ടപ്പോള്‍, അവന്‍ പ്രസ്താവിച്ചു, 'ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു.
... നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ'' (വാ. 29-30).
ബ്രിങ്കറിന്റെ കാര്യത്തിലെന്നപോലെ, നമുക്കു സ്വീകരിക്കാനും നല്‍കാനും കഴിയുന്ന ഏറ്റവും മഹത്തായ ക്രിസ്തുമസ് സമ്മാനം യേശുവിലുള്ള രക്ഷാകരമായ വിശ്വാസമാണ്.
മുകളില്‍നിന്നുള്ള സമ്മാനങ്ങള്‍
ഒരു പഴയ കഥയനുസരിച്ച്, നിക്കോളാസ് എന്നു പേരുള്ള ഒരു മനുഷ്യന്‍ (ജനനം എ.ഡി. 270), തന്റെ മൂന്നു പെണ്‍മക്കളെ പോറ്റുവാന്‍ വകയില്ലാത്ത ഒരു ദരിദ്ര മനുഷ്യനെക്കുറിച്ചു കേട്ടു, തന്റെ മക്കളുടെ വിവാഹം നടത്താനും അയാള്‍ക്കു നിവൃത്തിയില്ലായിരുന്നു. അയാളെ സഹായിക്കാന്‍ നിക്കോളാസ് ആഗ്രഹിച്ചു; എന്നാല്‍ തന്റെ സഹായം രഹസ്യമായിരിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഒരു സഞ്ചി സ്വര്‍ണ്ണനാണയങ്ങള്‍ തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്കിട്ടു. അത് അടുപ്പിനു മുകളില്‍ ഉണക്കാന്‍ വെച്ചിരുന്ന ഒരു സോക്കിലോ ഷൂവിലോ ആണ് വീണത്. ആ മനുഷ്യന്‍ പിന്നീട് വിശുദ്ധ നിക്കോളാസ് എന്നറിയപ്പെടുകയും സാന്താക്ലോസിനു പ്രചോദനമായിത്തീരുകയും ചെയ്തു.
മുകളില്‍ നിന്നും വരുന്ന സമ്മാനത്തെക്കുറിച്ചുള്ള ആ കഥ ഞാന്‍ കേട്ടപ്പോള്‍, തന്റെ സ്നേഹവും മനസ്സലിവും നിമിത്തം അത്ഭുതകരമായ ഒരു ജനനത്തിലൂടെ എക്കാലത്തെയും വലിയ സമ്മാനമായി തന്റെ പുത്രനെ ഭൂമിയിലേക്കയച്ച പിതാവായ ദൈവത്തെക്കുറിച്ചാണ് ചിന്തിച്ചത്. മത്തായി സുവിശേഷം അനുസരിച്ച്, കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് 'ദൈവം നമ്മോടു കൂടെ'' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും എന്നുള്ള പഴയ നിയമ പ്രവചനം യേശുവില്‍ നിവൃത്തിയായി (1:23).
നിക്കോളാസിന്റെ സമ്മാനം മനോഹരമായിരിക്കുന്നതുപോലെ, അതിലും എത്രയോ മനോഹരമാണ് യേശു എന്ന സമ്മാനം! ഒരു മനുഷ്യനാകാന്‍ അവന്‍ സ്വര്‍ഗ്ഗം വിട്ടു, മരിച്ച്, ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ദൈവം നമ്മോടുകൂടെ ജീവിക്കുന്നു. നമുക്കു മുറിവേല്‍ക്കുകയും നാം ദുഃഖിതരാകുകയും ചെയ്യുമ്പോള്‍ അവന്‍ നമുക്ക് ആശ്വാസം പകരുന്നു; നമ്മുടെ മനസ്സു തളരുമ്പോള്‍ അവന്‍ നമ്മെ ധൈര്യപ്പെടുത്തുന്നു; നാം വഞ്ചിക്കപ്പെടുമ്പോള്‍ അവന്‍ നമുക്കു സത്യം വെളിപ്പെടുത്തിത്തരുന്നു.